കൊച്ചി: ആക്രമണത്തിന് പിന്നാലെ അതിജീവിത വീട്ടിലെത്തിയപ്പോൾ ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റയെ വിളിച്ചത് താനാണെന്നും പി.ടി. തോമസ് അല്ലായിരുന്നുവെന്നും നടനും സംവിധായകനുമായ ലാൽ.
നടി ആക്രമിക്കപ്പെട്ട വിഷയത്തിലെ കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നടിയെ ആക്രമിച്ചവർക്ക് പരമാവധി ശിക്ഷ ലഭിച്ചു. അതിൽ സന്തോഷമുണ്ട്. ആ പെൺകുട്ടി വീട്ടിലേക്ക് ഓടി വന്ന ദിവസം പ്രതികളെ കൊന്നുകളയണമെന്നാണ് താൻ ആഗ്രഹിച്ചത്.
കുറ്റക്കാരായ പ്രതികൾക്ക് ഏറ്റവും വലിയ ശിക്ഷ ലഭിക്കണം. ഈ വിധിയിൽ സന്തോഷമുണ്ട്. ഗൂഢാലോചന സംബന്ധിച്ച് പരിമിതമായ അറിവാണ് തനിക്ക് ഉള്ളത്. പൂർണമായി അറിയാത്ത ഒരു കാര്യത്തെ കുറിച്ച് അഭിപ്രായം പറയുന്നില്ല.
പെൺകുട്ടി വീട്ടിൽ വന്നപ്പോൾ ലോക്നാഥ് ബഹ്റയെ വിളിച്ചത് താനാണ്. പി.ടി. തോമസ് അല്ല. അതിനുശേഷമാണ് പി.ടി. തോമസ് വരുന്നത്. മാർട്ടിനെ സംശയം ഉണ്ടെന്ന് ആദ്യം പറഞ്ഞത് താനാണെന്നും ലാൽ പറഞ്ഞു.
കേസിൽ കോടതിവിധിക്കെതിരെ മേൽക്കോടതിയിലേക്ക് പോവുകയാണെങ്കിൽ തനിക്ക് അറിയാവുന്ന എന്തെങ്കിലും പുതിയ കാര്യങ്ങൾ കൂടി ഉണ്ടെങ്കിൽ പറയാൻ തയാറാണ്. വിധി ശരിയാണോ തെറ്റാണോ എന്ന് പറയാൻ താൻ ആളല്ല.
വിധി എന്തുകൊണ്ട് ഇങ്ങനെയായി എന്നും തനിക്കറിയില്ല. വിധി പകർപ്പ് പുറത്തുവരാതെ കൂടുതൽ പറയാൻ കഴിയില്ല. കുറ്റക്കാരൻ അല്ല എന്നാണോ മതിയായ തെളിവ് ഇല്ല എന്നാണോ കോടതി പറഞ്ഞതെന്ന കാര്യം അറിയില്ല. താൻ വല്ലാത്തൊരു സമാധാനക്കേടിലാണ്. അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്നും ലാൽ മാധ്യമങ്ങളോട് പ്രതികരിച്ചു.